Saturday, June 27, 2009

പ്രണയം

പ്രണയം

എന്നിൽ പ്രണയമുണ്ടായിരുന്നു
നിന്നിലും
അഗ്നിപർവ്വതത്തിനുള്ളിലെ
നിശ്ചല തടാകം പോലെ

നമ്മുടെ കണ്ണുകൾ
രണ്ടു ധൂമകേതുക്കൾ പോലെ
കൂട്ടിമുട്ടുമ്പോൾ
നിന്നിലെ പ്രണയത്തെ
ഞാൻ കണ്ടെടുത്തു
[നീ എന്നിലേയും]
വെടിയുണ്ട ഒരു ഹൃദയം
കണ്ടെത്തുന്നപോലെ

എന്റെ ശരത്കാലത്തിൽ
നീ ഇലകൾ പൊഴിച്ച്‌
നഗ്നയായി ശയിക്കുന്നു
വെയിൽ കായുന്ന
മണൽത്തീരം പൊലെ

നമ്മുടെ പ്രണയം
രണ്ട്‌ പുഴകൾ കൂടിച്ചേരുന്ന
ചുഴിയാണ്‌
നാമതിൽ ചിറകിട്ടടിക്കുന്നു
ജീവിതം ഒരു ചൂണ്ടയായ്‌
വരും വരെ.....................

Saturday, May 2, 2009

വസ്തുക്കൾ.....

വസ്തുക്കൾ.....
വസ്തുക്കൾക്ക്‌
അവരുടേതായ
ദുശ്ശാഠ്യങ്ങളുണ്ട്‌

ഉദാഹരണത്തിന്‌ മേശ
ഒരു കുഴുമടിയനാണ്‌
വച്ചിടത്തുനിന്നും
ഒരിക്കലും അനങ്ങില്ല

മരങ്ങൾ ഭാര്യമാരെപ്പോലെയാണ്‌
കാറ്റുമായി സദാ ഇണങ്ങുകയും
പിണങ്ങുകയുമല്ലാതെ
ഒരിക്കലും വിട്ടുപോവുകയില്ല

വെടിമരുന്ന് ക്ഷിപ്രകോപിയാണ്‌
പൊട്ടിത്തെറിക്കാൻ
നിസ്സാരകാരണം മതി

പേന ഒരു ലോലഹൃദയനാണ്‌
തൊട്ടാൽ മതി
വാക്കുകളുടെ കണ്ണീർ
ഒഴുകുകയായി

കറൻസി ബോംബിനെപ്പോലെ
നിശ്ശബ്ദൻ ആണ്‌
പക്ഷെ അവൻ ജീവിതങ്ങളെ
ചോരയിലും കണ്ണീരിലും
മുക്കിക്കളയും


ഞാനും ഒരു വസ്തുവാണ്‌
സ്വയം ചലിക്കാൻ കഴിവുള്ളവൻ
പക്ഷെ സ്വന്തം ശവം പോലും
കുഴിച്ചിടാൻ കഴിയാത്തവൻ

Sunday, October 12, 2008

ഒന്നും എഴുതാത്ത ഡയറി

ഒന്നും എഴുതാത്ത ഡയറി
വന്ധ്യയുടെ ഗർഭപാത്രം പോലെ
ഒന്നും എഴുതാത്ത ഡയറി
പ്രണയിക്കപ്പെടാത്ത കാമുകിയെപ്പോലെ
ഒന്നും എഴുതാത്ത ഡയറി
വ്യർത്ഥമായ ഈ ജീവിതം പോലെ
ഒന്നും എഴുതാത്ത ഡയറിയിൽ
എന്തെല്ലാം എഴുതാമായിരുന്നു
കാമുകിക്ക്‌ രക്തം കൊണ്ടൊരു വരണമാല്യം
പാതി ഇരുളിലെ നടക്കാതിരുന്ന ചുംബനങ്ങൾ
വ്യർത്ഥയാത്രകളുടെ തേഞ്ഞു പോയ അസ്തിപഞ്ജരം
ഒരാളുടെ മീതെ പാഞ്ഞുപോയ തീവണ്ടിച്ക്രപ്പാടുകൾ
ഒന്നും എഴുതാത്ത ഡയറിയിൽ
ഒരു കുരുക്ക്‌ വരച്ച്‌
അതിൽ തൂങ്ങിച്ചാവുകയെങ്കിലും
ചെയ്യാമായിരുന്നു

Saturday, August 23, 2008

ഒരിക്കലെങ്കിലും---കവിത--

ഒരിക്കലെങ്കിലും---കവിത--

ഒരിക്കലെങ്കിലും
വരുമൊഎന്നരികില്
‍
എന്‍ മനസ്സിന്‍മുറിവില്‍
വിരലോടിച്ചുപകരുമൊ
ഒരിക്കലെങ്കിലും
ഒരു സാന്ത്വനം

ഒരിക്കലെങ്കിലും
പ്രേമത്തിന്‍കിളിയായ്‌
എന്‍ മനസ്സിന്‍ചില്ലയില്‍
വന്നു പാടുമൊ

ഒരിക്കലെങ്കിലും
എന്നാത്മാവില്‍
അമ്പിളിയായ്‌
നിലാവ്‌
ചൊരിയുമൊ

ഒരിക്കലെങ്കിലും
എന്നകതാരില്‍
മഴയായ്‌പൊഴിയുമൊ


ഒരിക്കല്‍
ഒരിക്കല്‍ മാത്രം
എന്‍ വൃണിതമാംചേതനയെ
ഉമ്മ വച്ചുണര്‍ത്തുമൊ

ഒരിക്കല്‍മാത്രം

Friday, August 15, 2008

ഹൃദയ ഘടികാരം

ഹൃദയ ഘടികാരം
തുടിക്കുന്നുമൗനമായ്‌
ഹൃദന്തത്തിന്‍
കാതുകള്‍ക്കു മാത്രം
കേള്‍ക്കുംശബ്ദത്തില്‍

കേള്‍ക്കുന്നു ഞാന്‍
ജീവന്റെതുടിയൊച്ചയില്‍
ഒരു മഹാസാഗരസംഗീതം
ജീവന്റെ സംഗീതം

Saturday, July 26, 2008

ഞാന്‍ പ്രൊമിത്തിയുസ്‌

ഞാന്‍ പ്രൊമിത്തിയുസ്‌

ജീവന്റെ അഗ്നിയുമായി
ഭൂമിയില്‍ എത്തിയവന്‍

ജീവിതത്തിന്റെ
മണല്‍പ്പരപ്പില്‍
ബന്ധനസ്തന്‍

എങ്ങും ചങ്ങലകള്‍
ബന്ധങ്ങളുടെ
നീതികളുടെ
ആചാരങ്ങളുടെ

അനീതികളുടെ
മുന്‍ വിധികളുടെ
അനാചാരങ്ങളുടെ

എന്തിന്‌
സ്വന്തം ശരീരം തന്നെ
ഒരു ചങ്ങലയാണല്ലൊ

എന്റെ ഹ്രുദയം
കഴുകന്മാര്‍ക്ക്‌
എത്ര കൊത്തിയെടുത്തിട്ടും
കൊതിതീരുന്നില്ല
പക്ഷെ അത്‌ വീണ്ടും
തളിരിടുന്നു
ചോരയിറ്റിച്ചു കൊണ്ട്‌

ചിരപുരാതന
പ്രൊമിതിയൂസ്‌
നീ ഏകനല്ല
ഐതിഹ്യത്തിന്റെ
താളുകളില്‍നിന്ന്
പുറത്തു വന്ന്
നീയായി
മറ്റൊരാളായി
ഞാനായി
കാലത്തിലൂടെ
നീ സഞ്ചരിക്കുന്നു
കഴുകന്മാരുടെ
ചിറകടി കാതോര്‍ത്തു കൊണ്ട്‌

അവസാനത്തെ കഴുകന്റെ
ചിറകടി കാതോര്‍ത്തു കൊണ്ട്‌









Tuesday, July 22, 2008

എനിക്ക്‌ പുഴയെ ഭയമാണ്‌


എനിക്ക്‌ പുഴയെ ഭയമാണു


പുഴ ഏകാകിനിയായ
ഒരു ഭിക്ഷക്കാരിയാണു
സദാ അലയുകയാണവളുടെവിധി.....


ചിലപ്പൊഴവള്‍ മെലിഞ്ഞുണങ്ങി
ചിലപ്പോള്‍ വിതുമ്പിക്കരഞ്ഞ്‌
ചിലപ്പോള്‍ മാറത്ത്‌ ആര്‍ത്തലച്ച്‌
ചിലപ്പോള്‍ വേച്ച്‌ വേച്ച്‌
ചിലപ്പോള്‍ ആരെയൊ
പേടിച്ചെന്നപോല്‍കുതിച്ച്‌ പാഞ്ഞ്‌


പുഴയിലെ മണല്‍വാരല്‍
അവളുടെശരീരത്തില്‍
പടരുന്നആഭാസന്റെ വിരലുകളാണ്‌


പുഴയിലേക്ക്‌ മാലിന്യമൊഴുക്കുന്നവര്‍
വേശ്യയെ പ്രാപിക്കുന്ന
വിടന്മാരെപ്പോലെയാണ്‌


ഒടുവിലവള്‍ കടലിനെ
പ്രാപിക്കുന്നു
പ്രാണന്‍ മൃത്യുവിനെ എന്ന പോലെ


എനിക്ക്‌ പുഴയെ ഭയമാണ്‌
കാരണം പുഴ എകാകിനിയായ
ഒരു ഭ്രാന്തിയാണ്‌