Saturday, July 26, 2008

ഞാന്‍ പ്രൊമിത്തിയുസ്‌

ഞാന്‍ പ്രൊമിത്തിയുസ്‌

ജീവന്റെ അഗ്നിയുമായി
ഭൂമിയില്‍ എത്തിയവന്‍

ജീവിതത്തിന്റെ
മണല്‍പ്പരപ്പില്‍
ബന്ധനസ്തന്‍

എങ്ങും ചങ്ങലകള്‍
ബന്ധങ്ങളുടെ
നീതികളുടെ
ആചാരങ്ങളുടെ

അനീതികളുടെ
മുന്‍ വിധികളുടെ
അനാചാരങ്ങളുടെ

എന്തിന്‌
സ്വന്തം ശരീരം തന്നെ
ഒരു ചങ്ങലയാണല്ലൊ

എന്റെ ഹ്രുദയം
കഴുകന്മാര്‍ക്ക്‌
എത്ര കൊത്തിയെടുത്തിട്ടും
കൊതിതീരുന്നില്ല
പക്ഷെ അത്‌ വീണ്ടും
തളിരിടുന്നു
ചോരയിറ്റിച്ചു കൊണ്ട്‌

ചിരപുരാതന
പ്രൊമിതിയൂസ്‌
നീ ഏകനല്ല
ഐതിഹ്യത്തിന്റെ
താളുകളില്‍നിന്ന്
പുറത്തു വന്ന്
നീയായി
മറ്റൊരാളായി
ഞാനായി
കാലത്തിലൂടെ
നീ സഞ്ചരിക്കുന്നു
കഴുകന്മാരുടെ
ചിറകടി കാതോര്‍ത്തു കൊണ്ട്‌

അവസാനത്തെ കഴുകന്റെ
ചിറകടി കാതോര്‍ത്തു കൊണ്ട്‌









Tuesday, July 22, 2008

എനിക്ക്‌ പുഴയെ ഭയമാണ്‌


എനിക്ക്‌ പുഴയെ ഭയമാണു


പുഴ ഏകാകിനിയായ
ഒരു ഭിക്ഷക്കാരിയാണു
സദാ അലയുകയാണവളുടെവിധി.....


ചിലപ്പൊഴവള്‍ മെലിഞ്ഞുണങ്ങി
ചിലപ്പോള്‍ വിതുമ്പിക്കരഞ്ഞ്‌
ചിലപ്പോള്‍ മാറത്ത്‌ ആര്‍ത്തലച്ച്‌
ചിലപ്പോള്‍ വേച്ച്‌ വേച്ച്‌
ചിലപ്പോള്‍ ആരെയൊ
പേടിച്ചെന്നപോല്‍കുതിച്ച്‌ പാഞ്ഞ്‌


പുഴയിലെ മണല്‍വാരല്‍
അവളുടെശരീരത്തില്‍
പടരുന്നആഭാസന്റെ വിരലുകളാണ്‌


പുഴയിലേക്ക്‌ മാലിന്യമൊഴുക്കുന്നവര്‍
വേശ്യയെ പ്രാപിക്കുന്ന
വിടന്മാരെപ്പോലെയാണ്‌


ഒടുവിലവള്‍ കടലിനെ
പ്രാപിക്കുന്നു
പ്രാണന്‍ മൃത്യുവിനെ എന്ന പോലെ


എനിക്ക്‌ പുഴയെ ഭയമാണ്‌
കാരണം പുഴ എകാകിനിയായ
ഒരു ഭ്രാന്തിയാണ്‌

Friday, July 11, 2008

ആരുടെ തോന്നലാണീ ഞാന്‍

ആരുടെ തോന്നലാണീ ഞാന്‍
ആരുടെ ഓര്‍മകളാണീ ഞാന്‍

ആരുടെ പ്രതിധ്വനിയാണെന്‍ വാക്കുകളില്‍
ആരുടെ കാഴചയാണെന്റെ കണ്ണുകളില്‍

ആരുടെ വേഗമാണെന്റെ കാലുകളില്‍
ആരുടെ ജീവനാണെന്റെ ഹൃദയത്തില്‍

ആരുടെ ശവമഞ്ചമാണെന്റെ ശരീരം
ആരുടെ ചിതാഗ്നിയാണെന്റെഓര്‍മ്മകള്‍

ആരുടെ പ്രേതക്കാഴ്ചകളാണെന്റെ ദുസ്വപ്നങ്ങള്‍
ഏത്‌ ശ്മശാനഭൂമിയാണെന്‍ മനസ്സ്‌

ഏത്‌ മുജ്ജന്മസ്മരണകളാന്റെ ചിന്തകള്‍
ഏത്‌ അഗ്നിപര്‍വതത്തിന്‍
ലാവയാണെന്റെ രക്തം

ആരുടെ തോന്നലാണു ഞാന്‍
എന്തിന്റെ ആവര്‍ത്തനമാണു ഞാന്‍


എനിക്കു പോലും വായിക്കാനാകാത്ത
ഏത്‌ വിക്രുതലിപിയാണെന്റെ ജീവിതം

നിന്റെ ശരീരംഒരു രുദ്ര വീണയാണു

നിന്റെ ശരീരംഒരു രുദ്ര വീണയാണു
ഞാനതില്‍ കടല്‍ഇരംബത്തിനു
കാതോര്‍ക്കുകയാണു

അപ്രാപ്യമായ കൊടുമുടിയാണു നീ
മല പാതികയറികിതക്കുന്ന
പഥിയനാണു ഞാന്‍

തിരയടിക്കുന്ന സമുദ്രമാണു നീ
നിന്റെ ശിഖരത്തില്‍ ചേക്കാറാന്‍
വലം വയ്ക്കുന്ന പക്ഷിയാണു ഞാന്‍

നിശ്ശബ്ദമായ ഒരു കാറ്റാണു നീ
അതില്‍ സൂര്യോദയത്തിനായി
ഉലയൂതുകയാണു ഞാന്‍

ത്രസിക്കുന്ന മണ്ണാണു നിന്‍ ശരീരം
ഉള്ളില്‍ ഉണങ്ങിയ വിത്തിനെ ഒളിപ്പിച്ച...

ഞാനാകുന്ന മഴ പെയ്യുവാന്‍
വിത്തിനെ മുളപ്പിച്ചെടുക്കുവാന്‍

Thursday, July 10, 2008

ബോഗന്‍ വില്ല


മാളിക വീടിന്റെമുറ്റത്തു നിന്നൊരു
ചെടിയുടെ പേരമ്മ പറഞ്ഞു
"കടലാസു ചെടി"
ചെടിയിലെ ചെഞ്ചായപൂക്കള്‍
തന്‍ പേരറിഞ്ഞുഞാന്‍,
"കടലാസുപൂക്കള്‍"
എനിക്കേറെ പ്രിയമായി
വര്‍ണ്ണങ്ങള്‍വാരിപ്പുതച്ചുനില്‍ക്കും,
കടലാസ്സുചെടിയെ
കുങ്കുമംവാരിപ്പൂശിയകടലാസുപൂക്കളെ


[ഒരിക്കല്‍ ഞാന്‍ വീടിനുചുറ്റും നട്ടുപിടിപ്പിക്കും...ഈ കടലാസുചെടികളെ...പല നിറങ്ങള്‍ വാരിവിതറി വീടിനു ചുറ്റും ഈ കടലാസുപൂക്കള്‍ പൂത്തുനില്‍ക്കും.. വീടിനു ഞാന്‍ പേരിടും..."പൂക്കളുടെ വീട്‌"...]


ഇന്നിപ്പൊള്‍ കുഞ്ഞുമോനെന്‍
വിരല്‍തുമ്പില്‍ തൂങ്ങി നടക്കവെ,
പൂത്തുനില്‍ക്കുമീകടലാസുചെടിയെ
നോക്കിപറയുന്നു,
"അച്ചാ..അതാ ബൊഗന്‍ വില്ല!"
അറിയുന്നു ഞാന്‍
ഏറെ കേട്ടൊരു ബൊഗന്‍വില്ലയാണത്രെ
ഈ കടലാസുചെടി!
പേരുകള്‍ വേറെയാണെങ്കിലും
ഞാനിന്നും സ്നേഹിപ്പൂ
കടലാസുപൂക്കള്‍
നിറഞ്ഞു നില്‍ക്കുമീബോഗന്‍ വില്ലയെ...


** 6 വയസ്സുള്ള മകന്‍ പറഞ്ഞാണു 35 വയസ്സുള്ളപോള്‍ ഞാന്‍ ബോഗന്‍ വില്ലയെ തിരിച്ചറിയുന്നത്‌...അറിവുകള്‍ ഉണ്ടാകുന്ന വിധത്തെപ്പറ്റി ഞാന്‍ ഒന്ന് ചിന്തിചു***

Wednesday, July 2, 2008

ഉണ്ടൊരാള്‍ പാരയായ്‌ മുന്നിലെപ്പൊഴും




ഉണ്ടൊരാള്‍ പാരയായ്‌ മുന്നിലെപ്പൊഴും
ഉണ്ടൊരാള്‍ പാരയായ്‌ പിന്നിലെപ്പൊഴും

ഉണ്ട്‌ പാരകള്‍ഇരുവശങ്ങളില്‍എപ്പൊഴും
മുന്നോട്ട്‌ നീങ്ങവേപാര നീങ്ങുന്നുമുന്നോട്ട്‌
വെയില്‍ കണക്കേ

പിന്നോട്ട്‌ നീങ്ങവേപാരയുണ്ട്‌ കൂടെ
നിഴല്‍ കണക്കേ

ഓടിനോക്കുന്നു ഞാന്‍
പാരയെത്തുന്നു പിന്നില്‍ഓടിക്കിതച്ച്‌

ഉറങ്ങിനോക്കുന്നു ഞാന്‍
പാരയെത്തുന്നു ‍ഉറക്കച്ഛേദങ്ങളായി

ഉണ്ടൊരു പാരകാലടിക്കീഴില്
‍ഭൂഗര്‍ഭത്തിലേക്ക്‌വലിക്കും പോല്‍

ഉണ്ടൊരു പാരഎന്നുള്ളിലെപ്പൊഴും
മൃത്യുരൂപനായ്‌
അദൃശ്യനായ്‌