Saturday, May 2, 2009

വസ്തുക്കൾ.....

വസ്തുക്കൾ.....
വസ്തുക്കൾക്ക്‌
അവരുടേതായ
ദുശ്ശാഠ്യങ്ങളുണ്ട്‌

ഉദാഹരണത്തിന്‌ മേശ
ഒരു കുഴുമടിയനാണ്‌
വച്ചിടത്തുനിന്നും
ഒരിക്കലും അനങ്ങില്ല

മരങ്ങൾ ഭാര്യമാരെപ്പോലെയാണ്‌
കാറ്റുമായി സദാ ഇണങ്ങുകയും
പിണങ്ങുകയുമല്ലാതെ
ഒരിക്കലും വിട്ടുപോവുകയില്ല

വെടിമരുന്ന് ക്ഷിപ്രകോപിയാണ്‌
പൊട്ടിത്തെറിക്കാൻ
നിസ്സാരകാരണം മതി

പേന ഒരു ലോലഹൃദയനാണ്‌
തൊട്ടാൽ മതി
വാക്കുകളുടെ കണ്ണീർ
ഒഴുകുകയായി

കറൻസി ബോംബിനെപ്പോലെ
നിശ്ശബ്ദൻ ആണ്‌
പക്ഷെ അവൻ ജീവിതങ്ങളെ
ചോരയിലും കണ്ണീരിലും
മുക്കിക്കളയും


ഞാനും ഒരു വസ്തുവാണ്‌
സ്വയം ചലിക്കാൻ കഴിവുള്ളവൻ
പക്ഷെ സ്വന്തം ശവം പോലും
കുഴിച്ചിടാൻ കഴിയാത്തവൻ