Friday, September 11, 2009

ഇതൊന്നു നോക്കൂ

ഇതൊന്നു നോക്കൂ........

മലയാളപഠനഗവേഷണകേന്ദ്രം

Thursday, July 16, 2009

വ്യഥിതഗാനം

നിന്റെ മുറിഞ്ഞ ചുണ്ടുകളില്‍ നിന്ന്

ശ്രുതി പൊട്ടിയ കമ്പികള്‍

വ്യഥിതമായി പാടുന്നു

നിന്റെ മാറില്‍ നിന്ന്

ചെമ്മരിയാടുകള്‍

കുന്നിറങ്ങുന്നു

നിന്റെ നാഭിയുടെ തടാകത്തില്‍

മഴ നിലക്കാതെ

പെയ്യുന്നു

നിന്റെ ഉദരം

ശിശുക്കളുടെ ഒരു

തമോഗര്‍ത്തമാണ്

ഭൂമിയുടെ ഉള്ളിലേക്ക്

കടക്കാന്‍ നിന്റെ

ഗുഹാഗഹ്വരങ്ങള്‍ മതി

പുറത്തേക്ക് വരുന്നതാകട്ടെ

നിന്റെ കണ്ണുകളിലെ

പ്രകാശവര്‍ഷങ്ങളിലൂടെയും

Saturday, July 11, 2009

പാലം.......

പാലം കാലത്തിനു മുകളിലെ
ഫ്ലൈഓവറാണ്
പുഴയാകട്ടെ കാലവും
എല്ലാം ആവര്‍ത്തനമാണ്
സൂര്യോദയവും പൌര്‍ണ്ണമിയും
മദമാത്സര്യങളും പ്രണയവും
മ്രുത്യുവും യുദ്ധങളും കാമവും
നദിയിലെ ജലം ഒഴുകിപ്പോകുന്നില്ല
അത് ആവര്‍ത്തിച്ച്
തിരിച്ചു വരികയാണ്
നദികള്‍ക്ക് ജന്മദിനമില്ല
കടലുകള്‍ക്ക് ശ്രാദ്ധവും
മണ്ണ്‌ മനുഷ്യനായി
രൂപം മാറുന്നു
നദികള്‍ ജീവിതമായും
പാലം നിശ്ചലമാണ്
കാലത്തെപ്പോലെ....

Friday, July 3, 2009

മഴ.......

മുജ്ജന്മപാപങള്‍
ഉരുകിയൊലിക്കുന്നതാണു്
മഴ...

എന്റെ തലക്ക് മുകളില്‍
അത് സദാ കൂടും കൂട്ടി
കാത്തിരിക്കുന്നു
ഓര്‍ക്കാപ്പുറത്ത്
പെയ്യുവാന്‍

മുറ്റത്തിറങ്ങുമ്പൊള്‍ മഴ
ചിണുങ്ങി ചിണുങ്ങി
യാത്രക്കിറങ്ങുമ്പൊള്‍ മഴ
ആര്‍ത്തലച്ച്
കതിര്‍മണ്ഡപത്തില്‍ മഴ
കണ്ണുനീര്‍ പൊലെ
ഇറ്റിറ്റ്

മഴ വേറെങ്ങുമില്ല
എന്റെ കഷ്ടജന്മത്തിനു്
ചുറ്റും മാത്രം
ദുസ്വപ്നങ്ങള്‍ ഒലിച്ചിറങ്ങി
കാഴ്ച്ച മറയുന്നു
തലയിലെഴുത്ത്
കഴുകിക്കഴുകി
ശാപങ്ങളെ
തെളിയിച്ചെടുക്കുന്നു

കൊടും വേനല്‍
ഞാന്‍ നിന്നിലേക്കിറങ്ങുമ്പൊള്‍
മഴക്കായി കൊതിക്കുന്നു
മുകളില്‍ കൊടുംസൂര്യന്‍ മാത്രം

ഓര്‍ക്കാപ്പുറത്താണ് മഴ
അസമയത്താണ് മഴ
ആവശ്യമുള്ളപ്പൊള്‍ മഴയില്ല
മഴയുള്ളപ്പൊള്‍ അതിന്റെ
ആവശ്യവുമില്ല




എനിക്കുറപ്പാണ്
മഴ തൊരാതെ പെയ്യുമല്ലൊ
കത്തിയെരിയുന്ന എന്റെ
ചിതാഗ്നിയിലേക്ക്.........







Saturday, June 27, 2009

പ്രണയം

പ്രണയം

എന്നിൽ പ്രണയമുണ്ടായിരുന്നു
നിന്നിലും
അഗ്നിപർവ്വതത്തിനുള്ളിലെ
നിശ്ചല തടാകം പോലെ

നമ്മുടെ കണ്ണുകൾ
രണ്ടു ധൂമകേതുക്കൾ പോലെ
കൂട്ടിമുട്ടുമ്പോൾ
നിന്നിലെ പ്രണയത്തെ
ഞാൻ കണ്ടെടുത്തു
[നീ എന്നിലേയും]
വെടിയുണ്ട ഒരു ഹൃദയം
കണ്ടെത്തുന്നപോലെ

എന്റെ ശരത്കാലത്തിൽ
നീ ഇലകൾ പൊഴിച്ച്‌
നഗ്നയായി ശയിക്കുന്നു
വെയിൽ കായുന്ന
മണൽത്തീരം പൊലെ

നമ്മുടെ പ്രണയം
രണ്ട്‌ പുഴകൾ കൂടിച്ചേരുന്ന
ചുഴിയാണ്‌
നാമതിൽ ചിറകിട്ടടിക്കുന്നു
ജീവിതം ഒരു ചൂണ്ടയായ്‌
വരും വരെ.....................

Saturday, May 2, 2009

വസ്തുക്കൾ.....

വസ്തുക്കൾ.....
വസ്തുക്കൾക്ക്‌
അവരുടേതായ
ദുശ്ശാഠ്യങ്ങളുണ്ട്‌

ഉദാഹരണത്തിന്‌ മേശ
ഒരു കുഴുമടിയനാണ്‌
വച്ചിടത്തുനിന്നും
ഒരിക്കലും അനങ്ങില്ല

മരങ്ങൾ ഭാര്യമാരെപ്പോലെയാണ്‌
കാറ്റുമായി സദാ ഇണങ്ങുകയും
പിണങ്ങുകയുമല്ലാതെ
ഒരിക്കലും വിട്ടുപോവുകയില്ല

വെടിമരുന്ന് ക്ഷിപ്രകോപിയാണ്‌
പൊട്ടിത്തെറിക്കാൻ
നിസ്സാരകാരണം മതി

പേന ഒരു ലോലഹൃദയനാണ്‌
തൊട്ടാൽ മതി
വാക്കുകളുടെ കണ്ണീർ
ഒഴുകുകയായി

കറൻസി ബോംബിനെപ്പോലെ
നിശ്ശബ്ദൻ ആണ്‌
പക്ഷെ അവൻ ജീവിതങ്ങളെ
ചോരയിലും കണ്ണീരിലും
മുക്കിക്കളയും


ഞാനും ഒരു വസ്തുവാണ്‌
സ്വയം ചലിക്കാൻ കഴിവുള്ളവൻ
പക്ഷെ സ്വന്തം ശവം പോലും
കുഴിച്ചിടാൻ കഴിയാത്തവൻ